Tuesday, July 12, 2011

വൈകിയോടുന്ന സര്‍വകലാശാലകള്‍

'നവംബറില്‍ നടത്തിയ എം.എസ്.സി മൂന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു' -കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഈ അറിയിപ്പ് ജൂണ്‍ 15ലേതാണ്. അതായത്, ഒരു ബിരുദാനന്തര കോഴ്‌സിന്റെ ഒരു സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വരാന്‍ ആറേഴു മാസം!  പല വിഷയങ്ങളുടെയും ഫലങ്ങള്‍ ഇനിയും വന്നിട്ടില്ല. ബിരുദതലത്തില്‍ ഒന്നാം സെമസ്റ്റര്‍ ഫലം വരാതെതന്നെ വിദ്യാര്‍ഥികള്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതേണ്ടിവന്നിരിക്കുന്നു. മൂന്നാം സെമസ്റ്റര്‍ ഫലമറിയാതെ നാലാം സെമസ്റ്റര്‍ പരീക്ഷയും. പരീക്ഷ മാറ്റിവെക്കലും പരീക്ഷാഫലം കഴിയുന്നത്ര വെച്ചുതാമസിപ്പിക്കലുമാണ് സര്‍വകലാശാലകളുടെ ഇഷ്ടഹോബിയെന്ന് അവയുടെ പത്രവിളംബരങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. വിദ്യാര്‍ഥികളാകട്ടെ, മറ്റെല്ലാ കാര്യങ്ങളിലും പ്രതികരിച്ചാലും ഈ വിഷയത്തില്‍ മൗനമാണ്. കാലിക്കറ്റ് സര്‍വകലാശാല ബി.ടെക് ഫലം പ്രസിദ്ധപ്പെടുത്താത്തതിനാല്‍ എം.ടെക്കിന് അപേക്ഷിക്കാനാവുന്നില്ലെന്ന് ബന്ധപ്പെട്ട ചിലര്‍ ഈയിടെ പരാതിപ്പെട്ടത് ഒരപവാദം മാത്രം. കേരളത്തിലെ സര്‍വകലാശാലകളുടെ പരീക്ഷാ നടത്തിപ്പുരീതി കണ്ടാല്‍ അവ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ളതാണെന്ന് പറയാന്‍ ആര്‍ക്കുമാവില്ല.
കാലിക്കറ്റ്, കേരള, കണ്ണൂര്‍, എം.ജി തുടങ്ങിയ സര്‍വകലാശാലകളുടെ മുഖ്യ ജോലി പരീക്ഷ നടത്തലാണ്. പ്രീഡിഗ്രി വേര്‍പെടുത്തിയശേഷം അത് മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇന്ന് തകര്‍ന്നിരിക്കുന്നു. സെമസ്റ്റര്‍ രീതിയിലേക്കുള്ള ചുവടുമാറ്റമാകട്ടെ, കൃത്യമായ പരീക്ഷാ നടത്തിപ്പ് അനിവാര്യമാക്കുന്നു. ഫലപ്രഖ്യാപനത്തിലെ കാലവിളംബം മൂലം ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിലും തൊഴിലന്വേഷണത്തിലും വലിയ പ്രയാസം നേരിടുന്നുണ്ട്. വേനലവധിപോലും സെമസ്റ്റര്‍ പ്രകാരം പരിഷ്‌കരിക്കാതെ പഴയപടി തുടരുകയാണ്. പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ വിദ്യാര്‍ഥി പ്രതിനിധികളുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ പൊതുതാല്‍പര്യം അട്ടിമറിയുകയാണെപ്പോഴും. കോളജുകള്‍ക്ക് അക്കാദമിക സ്വയംഭരണം നല്‍കിക്കൊണ്ടോ, കൃത്യമായ വാര്‍ഷിക കലണ്ടര്‍ മുന്‍കൂട്ടി തയാറാക്കി അതനുസരിച്ച് അധ്യയനവും പരീക്ഷയും ഫലപ്രഖ്യാപനവും നടത്താന്‍ സംവിധാനമുണ്ടാക്കിയോ നമ്മുടെ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ രക്ഷിക്കേണ്ടതുണ്ട്- അടിയന്തരമായിത്തന്നെ

No comments:

Post a Comment